Saturday, October 27, 2007

മാധ്യമ കവിതകള്‍

മനോരമ
പേരു പോലെ തന്നെ, മനസ്സിനെ രമിപ്പിക്കും
രമിപ്പിച്ച് രമിപ്പിച്ച്
ഏതു ദുരന്തവും രമണീയമാക്കും!

മാതൃഭൂമി
മനോരമക്ക് പഠിക്കരുത് മാതൃഭൂമി.
മനോരമ, വാര്‍ത്തകളെ സംഭവങ്ങളാക്കട്ടെ
മാതൃഭൂമി, സംഭവങ്ങളെ
വാര്‍ത്തകളാക്കിയാല്‍ മതി
രണ്ടായാലും മ തന്നെ, മരവിപ്പ്!

ഭാഷാപോഷിണി
മനോരമയുടെ കുമ്പസാരം

മാധ്യമം, ജന്മഭൂമി
ഒരു അജണ്ടകളുമില്ലാത്ത
സാധുപ്പത്രങ്ങള്‍!!

ഫയര്‍
ഫയറു വിറ്റുകിട്ടുന്ന കാശുകൊണ്ടുവേണം
കൌമുദിയിലെ ജോലിക്കാര്‍ക്ക്
ശംബളം കൊടുക്കാന്‍.
പക്ഷേ ഈ ദേവദാസിയെ
ഞങ്ങടെ കുടുമ്പത്തില്‍ കേറ്റില്ല!

ക്രൈം
കേരളത്തിലെ
വായീനോക്കികളായ
ചെറുപ്പക്കാര്‍ക്ക്
വായനാശീലമുണ്ടാക്കിയ
ഏക ദ്വൈവാരിക

മുത്ത്, മുത്തുച്ചിപ്പി
വെറും അഞ്ചു രൂപകൊണ്ട്
അയ്യായിരം വട്ടം വിരുന്ന്!

Thursday, October 25, 2007

മൊബൈല്‍ കവിതകള്‍

1.
ഊമയായത് ഭാഗ്യം
സംസാരിച്ച് സംസാരിച്ച്
പൈസ കളയണ്ടല്ലോ

------------------
2.
ഓഫറുണ്ടെങ്കില്‍ ഇപ്പോള്‍
പത്തു പൈസക്കും വിളിക്കാമത്രേ.
പത്തുപൈസയുടെ വിലയില്ലാത്ത വാക്കെന്ന്
ഇനി ഒരുത്തനും
പറയത്തില്ലല്ലോ

------------------
3.
സംസാരത്തിനൊക്കെ
ഇപ്പോ എന്താ വില!
ഒരു മിനുട്ടിന് ഒന്നര രൂപ!
‘സാര’ത്തിനു യാതൊരു വിലയുമില്ല
സാരമില്ല എന്നു സമാധാനിക്കുക തന്നെ